പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ


പ്രാർത്ഥന എന്നത് ദൈവത്തിലേക്ക് അടുക്കാനുതകുന്ന മതാനുഷഠാന രീതിയാണ്. ഏകമായോ കൂട്ടമായോ ഏകാന്തതയിലോ പൊതുസ്ഥലത്തോ അവ നാം അനുഷ്ഠിക്കുന്നു. ആത്യന്തികമായി രണ്ടു തരത്തിലുള്ള പ്രാർത്ഥനയാണ് ഉള്ളത്. നന്ദിപറച്ചിലും. മോശം ജീവിതഅവസ്ഥയിൽ അകപ്പെടുമ്പോൾ സഹായാഭ്യർത്ഥനയുമാണ് അത്. 'പ്രിയർ' എന്ന പുരാതന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് പ്രാർത്ഥന വന്നത്. 'ചോദിക്കുക' എന്നതാണ് അതിന്റെ അർത്ഥം. പല മതസ്ഥരും വ്യത്യസ്തരീതിയിൽ പ്രാർത്ഥന നടത്തുന്നു. ഇന്നത്തെ ഏറ്റവും പ്രധാനമായ ചർച്ച ഈ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ച് കിട്ടുമോ? എന്നുള്ളതാണ്.

പരമ്പരാഗതമായ മരുന്നുകൾ തോറ്റയിടത്ത് രോഗാതുരമായ ആളുകളെ പ്രാർത്ഥന സുഖപ്പെടുത്തിയിട്ടുണ്ട്. തീർച്ചയാണത്. ഫാർമസ്യുട്ടിക്കൽ കമ്പനികൾ തങ്ങളുടെ പുതിയ മരുന്നുകൾ പരിചയപ്പെടുത്തുമ്പോൾ ഒരു ട്രയൽ റൺ നടത്താറുണ്ട്. എത്രത്തോളം ഈ മരുന്ന് കൊണ്ട് ആളുകൾ സുഖപ്പെടുത്തുന്നു എന്ന് നോക്കാനാണത്. ഉദാഹരണത്തിന്, പ്രമേഹത്തിനുള്ള മരുന്ന് ഉണ്ടാക്കുന്ന കമ്പനി രോഗികളായ 400 പേരെ തിരഞ്ഞെടുക്കുന്നു. 200 പേരുടെ വിഭാഗമായി തിരിക്കുന്നു. ആദ്യത്തെ 200 പേർക്ക് ഗുളിക രൂപത്തിൽ യഥാർത്ഥ മരുന്ന് കൊടുക്കുന്നു. രണ്ടാമത്തെ രോഗികളുടെ വിഭാഗത്തിന് ഗുളിക രൂപത്തിൽ ഉള്ള പുറംതോട് മാത്രമേ നൽകുകയുള്ളൂ. മൂന്നുമാസം ഈ രീതിയിൽ പരീക്ഷണം നടക്കുന്നു. റിസൾട്ട് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഡമ്മിഗുളിക കഴിച്ചിരുന്നവരിൽ 40 പേർ സുഖം പ്രാപിക്കുക്കുകയും 160 പേർക്കും ഫലിക്കാതെ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ മരുന്ന് കഴിച്ചവരിൽ 50 പേർക്ക് ഒരു പുരോഗതിയും ഇല്ലാതെ ഇരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെയാണ് പ്ലാസിബോ എഫെക്ട് എന്നു പറയുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് മോർഫിൻ ദൗർലഭ്യം നേരിട്ടപ്പോൾ ഉപ്പുലായിനി മോർഫിൻ ആണെന്ന് രോഗിയോട് പറഞ്ഞു കുത്തിവെച്ചു. ശസ്ത്രക്രിയ സമയത്ത് രോഗിക്ക് യാതൊരു വേദനയും അനുഭവിച്ചില്ല. ഇത് നടപ്പാവുന്നത് ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എൻഡോർഫിനുകൾ മൂലമാണ്. വേദനയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ നിങ്ങളുടെ ശരീരം പുറത്തുവിടുന്ന രാസവസ്തുക്കളാണ് (ഹോർമോണുകൾ) എൻഡോർഫിനുകൾ.  പ്രത്യുപകാരമായി ഒന്നും നൽകാതെ തന്നെ മനുഷ്യർ അനുഭവിക്കുന്ന സ്വാസ്ഥ്യം ഈ ഹോർമോൺ സാധ്യമാക്കുന്നു. പ്രാർത്ഥിക്കുന്നവരുടെ വിശ്വാസമനുസരിച്ച് ദൈവമാണ് പ്രവർത്തിക്കുന്നതും സുഖപ്പെടുത്തുന്നതും. 

1994 ഏപ്രിൽ 7നു റുവാണ്ടയിൽ ന്യൂനപക്ഷമായ ടുട്സി വംശജരെ ഭൂരിപക്ഷമായ ഹുടു വംശജർകൊന്നൊടുക്കി. നിരവധി പേരെ അനാഥരാക്കി. അവർ കത്തോലിക്ക ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. പക്ഷെ അനിവാര്യമായ വിധിയെന്ന പോലെ അതിനെ തടുക്കാൻ ഈ പ്ലാസിബോ എഫ്ഫക്റ്റിനു സാധിച്ചില്ല. ഇങ്ങനെ ഒരുപാട് ഉദ്ദാഹരണങ്ങൾ പരിശോധിച്ചാൽ കാണാൻ സാധിക്കും. മോർഫിനു പകരം വെച്ച പ്രാർത്ഥനകൾക്ക് ഈ കിരാതമായ വറുതിയെ ചെറുക്കാൻ സാധിക്കാതെ പോയി. ഒന്നാം ലോകമഹായുദ്ധത്തിൽ അണിനിരന്ന 6 ദശലക്ഷം ബ്രിട്ടീഷ് സൈനികരിൽ കൊല്ലപ്പെട്ട 7 ലക്ഷം പേരെ മാറ്റി നിറുത്തിയാൽ, ബാക്കി ആളുകളെ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥന ലക്‌ഷ്യം കണ്ടു എന്നാണ്. അങ്ങനെ നോക്കിയാൽ 89 ശതമാനം ആണ് പ്രാർത്ഥന ഫലിക്കുന്നത്. ബാക്കി 11 ശതമാനവും പരാജയപ്പെടുന്നു. ഇങ്ങനെ ശതമാനകണക്ക് നമ്മൾ പറഞ്ഞാലും യുദ്ധത്തിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരോട് ചോദിച്ചാൽ പ്രാർത്ഥന കൊണ്ട് ഒന്നും നടന്നില്ല എന്നെ അവർ പറയുള്ളു. 

വൈദികനായ നീൽ സ്മിത്തിനു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നിരവധി ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. അദ്ദേഹം ഒരു മതപുരോഹിതൻ ആയതിനാൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയുടെ സഹായം കൊണ്ട് സുഖപ്പെട്ടു തിരിച്ച് വന്നതാണെന്ന് അനുമാനിക്കാം. ഞാൻ അദ്ദേഹത്തോട് ചോദിച്ചു "ഇങ്ങനെ ഒരു അസുഖം തന്നതിന് താങ്കൾ ദൈവത്തിനെ കുറ്റം പറയുമോ അതോ സുഖപ്പെടുത്തിയതിന്  നന്ദി പറയുമോ? "അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. "ദൈവത്തിനു എനിക്ക് ഹൃദ്‌രോഗം തരുന്നതിനേക്കാൾ നല്ലകാര്യങ്ങൾ വേറെ ചെയ്യാമായിരുന്നു. സുഖപ്പെടുത്തുന്ന കാര്യത്തിൽ ദൈവം ഇടപെടാതെയിരിക്കുകയും, വൈദ്യസഹായത്തിനായി ആശുപത്രിയിൽ പോവേണ്ടി വരികയും. മരുന്നുകളുടെ സഹായത്താൽ സുഖപ്പെടുകയും ചെയ്തു. ഞാൻ അതിനു ദൈവത്തോട് നന്ദിയുള്ളവനാകുന്നു." മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും (Intercessory prayer) ഇന്നത്തെ കാലത്തു സുലഭമായി കണ്ടുവരുന്ന ഒന്നാണ്. അമേരിക്കൻ ജേർണൽ നടത്തിയ പഠനമനുസരിച്ച് ഇത് തീർത്തും പരാജയമാണ്. നമുക്ക് വേണ്ടി ആരോ ഒരാൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെന്ന് രോഗി അറിയുമ്പോൾ മാത്രം അവിടെ അത്ഭുതം നടക്കുന്നു.

2011 ഈസ്റ്റർ ദിനത്തിൽ മാർപ്പാപ്പയോട് ജപ്പാൻക്കാരിയായ 7 വയസ്സുകാരി ചോദിച്ച ചോദ്യം ഇതായിരുന്നു. "എന്തുകൊണ്ടാണ് ഭൂകമ്പവും സുനാമിയും മഹാമാരികളും തന്നു എന്റെ സുഹൃത്തുക്കളെ എല്ലാം കൊണ്ടുപോവുന്നത് ?" "എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല മോളെ. ചിലപ്പോൾ യേശുവും താൻ അനുഭവിച്ച പീഡനങ്ങളിൽ വേദനിച്ചിട്ടുണ്ടെന്നും, മകളുടെ പ്രാർത്ഥനകളിൽ ദൈവം സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഓർമ്മിപ്പിക്കുന്നതും ആവും ഈ സഹനങ്ങൾ" - പാപ്പാ ഉത്തരം പറഞ്ഞു. ഈ കുഞ്ഞിന് ആദ്യം തന്നെ ദുഃഖം ഉണ്ടാക്കിയത് ദൈവമാണെങ്കിൽ എന്തിനാണ് പിന്നീട് അവളെ ദൈവം സഹായിക്കുന്നത്? കൂടുതൽ സഹായകരവും സത്യസന്ധതയുള്ള ഒരു ഉത്തരം പറയുകയാണെങ്കിൽ, പ്രകൃതി ദുരന്തങ്ങൾ ആരും ഉരുവാക്കി വിടുന്നതല്ല. തീർത്തും പരിചിതമല്ലാത്ത വിധത്തിൽ തനിയെ സംഭവിക്കുന്നതാണ്. അതാണ് പ്രകൃതിയുടെ പ്രകൃതം. 

നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ നന്ദി പ്രകാശിപ്പിക്കുകയും മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്താതെ ഇരിക്കുന്നവരുമുണ്ട്. പ്രാർത്ഥിക്കുന്ന എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല, പകരം ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി പ്രാർത്ഥിക്കാൻ സാധിക്കട്ടെ എന്നതാണ് ഉയർന്ന ദൈവവിശ്വാസിയുടെ ചിന്ത. ഞാൻ ആഗ്രഹിക്കുന്ന നന്മയല്ല ദൈവം ആഗ്രഹിക്കാത്ത തിന്മ സംഭവിക്കാതെ ഇരിക്കട്ടെ എന്ന നിലപാടാണ് കൂടുതൽ ഉത്തമം. 

Comments

Popular posts from this blog

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)