പുറ്റ് വിനയ് തോമസ്
അപരിഷ്‌കൃതമായ ചിന്തകളുടെ ജീനുകള്‍ കുടിയിരിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള അനുഭവലോകമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. ഒരു സമൂഹം കുടുംബം എന്ന വ്യവസ്ഥയ്ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന സ്ഥാനമാനങ്ങളെ പറ്റിയും മനുഷ്യരിലെ കപട സദാചാര ചിന്തകളെ പറ്റിയും മതങ്ങള്‍ അധികാരം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന മനുഷ്യ വികാരങ്ങളെ കുറിച്ചും ആഴത്തിലുള്ള സംവാദങ്ങള്‍ക്ക് ഈ നോവലില്‍ ഇടം കൊടുക്കുന്നു. കുടുംബമെന്നത് പുരുഷാധിപത്യപരമായ ഒരു സംവിധാനമാണ്. കാലമെത്ര കഴിഞ്ഞാലും ഇപ്പോഴും ആ നിലപാടില്‍ തന്നെയാണ് ഓരോ സമൂഹത്തിലെയും കുടുംബത്തിന്റെ അധികാര വ്യവസ്ഥ. കുടുംബമെന്ന പ്രസ്ഥാനത്തിലെ അധികാരവ്യവസ്ഥയും ലിംഗനീതിയുടെ വിവേചനവും ശക്തമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഏകദേശം അതേ നാണയത്തിന്റെ മറുവശം പോലെ തുടര്‍ന്നുവരുന്ന മറ്റൊന്നാണ് മനുഷ്യരിലെ കപട സദാചാരബോധവും. പെരുമ്പാടി എന്ന സ്ഥലത്തേക്കുള്ള കുടിയേറ്റവും അവിടുത്തെ ജീവിത സാഹചര്യങ്ങളും നോവല്‍ ഘടനയില്‍ പുതുമ നിറഞ്ഞ വിഷയമല്ല. എന്നാല്‍ പുറ്റിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആഖ്യാനവും എഴുത്തുകാരന്‍ സമൂഹത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന കാല, ദേശ, ഭാഷ, സാമൂഹിക, സാംസ്‌കാരിക, അഭിവൃദ്ധികളും കൂടിയാണ്.
ഏതൊരു സംസ്‌കാരവും രൂപപ്പെട്ട് വളര്‍ന്നുവരുന്നത് ഒരു നദീതടത്തില്‍ നിന്നാണെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. അതേപോലെ പെരുമ്പാടി എന്ന സാങ്കല്‍പ്പിക ഗ്രാമം ഉരുത്തിരിഞ്ഞു വന്നതും ഒരു പുഴയുടെ അരിക് പറ്റിയായിരുന്നു. എവിടെനിന്നൊക്കെയോ ജീവിതത്തിന്റെ ഒഴുക്കില്‍പ്പെട്ട് വേരുകള്‍ നഷ്ടപ്പെട്ട് ഇരു പുഴയുടെ തീരത്ത് അടിഞ്ഞുകൂടി അവിടെ മുളച്ചുപൊന്തിയ ഒരു സംസ്‌കാരമാണ് പെരുമ്പാടി എന്ന സാംസ്‌കാരിക ഭൂമി. ഇരുപ്പുഴയുടെ തീരത്തെ ഇരുമ്പി മരത്തെ തഴുകി വരുന്ന കാറ്റിനും പുഴയിലെ വെള്ളത്തിനും ചായക്കടയിലെ നിരപ്പലയില്‍ ഇരുന്ന് കഥപറച്ചിലുകാരന്‍ പ്രസന്നന്‍ അവതരിപ്പിക്കുന്ന നാട്ടുകഥകള്‍ക്കും പെരുമ്പാടി ദേശത്തിന്റെ സ്പന്ദനം ഉണ്ട്.
പെരുമ്പാടിയിലേക്കുള്ള കുടിയേറ്റങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളേക്കാള്‍ സദാചാര സംബന്ധമായ കാരണങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യ പെരുമ്പാടിക്കാരനായ ചെറു കാനാ വര്‍ക്കി ദേശത്തെത്തിയത് അയാളില്‍ നിന്നും ഗര്‍ഭിണിയായ മകളുമൊന്നിച്ചാണ്. അതാണ് പെരുമ്പാടിയിലെ ഒന്നാം കുടുംബവും.
നാട്ടു മധ്യസ്ഥം പറയുന്നതില്‍ പ്രഗത്ഭനായ ജെറമിയാസ് പോള്‍ നവീകരണ ഭവനം എന്നു പേരുള്ള വീട്ടിലെ അംഗമാണ്. ആ മനുഷ്യന്റെ കാഴ്ചയിലൂടെയും അനുഭവങ്ങളിലൂടെയും ആണ് പുറ്റ് വളര്‍ന്നു വലുതാകുന്നത്. നവീകരണ ഭവനം എന്ന കുടുംബം ആരംഭിക്കുന്നതു തന്നെ ക്രിസ്തീയ കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായാണ്. ഭവനത്തിന് ആ പേര് കിട്ടുന്നതിനു ഉണ്ടായ കാരണം ആ ഗ്രാമത്തെ നവീകരിക്കുന്ന പ്രക്രിയയ്ക്ക് ഭവനവും അതിന് കാരണവരുമൊക്കെ പ്രധാന പങ്കുവഹിച്ചു എന്നതുകൊണ്ടാണ്.
ഗ്രാമത്തിലേക്ക് കുടിയേറിയ ഒന്നാം തലമുറ, മുന്‍പ് താമസിച്ചിരുന്നിടത്ത് നിന്നും പല പ്രശ്‌നങ്ങള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതെയാണ് പെരുമ്പാടിയിലേക്ക് എത്തിയത്. ഭാവനയുടെ ഭൂമികയായ പെരുമ്പാടിയില്‍ മനുഷ്യര്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചു. അവര്‍ക്ക് അനുവദിച്ച ജീവിതം അവര്‍ ആസ്വദിച്ച് ജീവിച്ചു എന്ന് വേണം പറയാന്‍. അപരിഷ്‌കൃതമായ ആ സമൂഹത്തെ ഒരു മധ്യസ്ഥ നിയമം നടപ്പിലാക്കി അവരെ കുടുംബ ജീവിതത്തിന്റെ അടച്ചുറപ്പിലേക്ക് നയിക്കുക എന്ന ദൗത്യമാണ് ജെറമിയസും അപ്പന്‍ പോളും ചേര്‍ന്ന് ഏറ്റെടുത്തത്. വാറ്റുചാരായത്തിന്റെ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതിലും പന്നി വളര്‍ത്തുന്നതിലും സ്‌കൂള്‍ ആരംഭിക്കുന്നതിനും പോള്‍ തന്റേതായ നിയമങ്ങള്‍ പെരുമ്പാടിയില്‍ കൊണ്ടുവന്നു ദേശത്തെ പ്രശ്‌നങ്ങള്‍ ഒന്നും പുഴ കടന്നുപോകാത്ത വിധം രമ്യമായി പരിഹരിക്കാന്‍ പോളിന് ഒരു പ്രത്യേക കഴിവായിരുന്നു ആ കഴിവാണ് അയാളെ നാട്ടിലെ നേതാവാക്കി തീര്‍ത്തത്. അയാളിലൂടെ മകന്‍ ജെര്‍മിയാസും ആ പട്ടം ഏറ്റെടുത്തുപോന്നു. കാലവും ദേശവും വികസിക്കുന്നത് അനുസരിച്ച് പെരുമ്പാടിയുടെ സാംസ്‌കാരിക ബോധവും വികസിക്കുന്നുണ്ട്. ജെറമിയാസ് ആ വളര്‍ച്ചയില്‍ തളരുകയും അത്രയും കാലം അയാളുടെ വാക്കിന് കാതോര്‍ത്തിരുന്ന ഒരു ജനത അയാളെ നോക്കി ഒന്ന് ചിരിക്കാന്‍ പോലും സമയമില്ലാത്തവരുമായി മാറുന്നതുമാണ് പുറ്റിലെ അവസ്ഥാന്തരം.
ഇരുപുഴയുടെ കരയില്‍ ജീവിതം നിലയുറപ്പിച്ച കുഞ്ഞാപ്പു ഹോട്ടലും, ആധാരം പ്രഭാകരനും, കൊച്ചരാഘവനും, അപ്പം മേരിയും മകള്‍ പ്രീതയും, ചായക്കടയില്‍ പുസ്തക ചര്‍ച്ച നടത്തുന്ന പുതുതലമുറയിലെ സക്കീറുമെല്ലാം യഥാര്‍ത്ഥ കഥാപാത്രങ്ങളാണ് എന്ന് വായനക്കാരന് വിശ്വസിക്കാനാവുന്ന വിധത്തിലാണ് പുറ്റിന്റെ ആഖ്യാനം.
ലൈംഗികത പാപമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളുടെ പിടിമുറുക്കത്തില്‍ നിന്നാണ് സദാചാരം എന്ന ബോധം മനുഷ്യരില്‍ ഉണ്ടാകുന്നത്. തങ്ങള്‍ക്ക് ലഭിക്കാത്ത രഹസ്യ ആനന്ദങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം അസൂയയും അസഹിഷ്ണുതയുമാണ് സദാചാരം എന്ന പേരില്‍ മനുഷ്യന്റെ ഉള്ളില്‍ രൂപപ്പെട്ടു വരുന്നത്. മനുഷ്യ വികാരങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നാണ് അവന്റെ ലൈംഗിക വികാരം.
സന്താനോല്‍പ്പാദനം പ്രകൃതിയുടെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്നായതുകൊണ്ട് തന്നെ എല്ലാ ജീവികളുടെയും അടിസ്ഥാന ചോദനയായി ഇത് വര്‍ത്തിക്കുന്നു. യാഥാസ്ഥിതികത നടനമാടുന്ന നമ്മുടെ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടേണ്ട അടിസ്ഥാന ലൈംഗിക തൃഷ്ണകളെ ഒതുക്കി നിര്‍ത്താനാവാതെ, തങ്ങളുടെ കാമനകളെ ഉദ്ദീപിക്കാനും അത് ശമിപ്പിക്കാനുമായി ഓരോ മനുഷ്യനും ശ്രമിക്കുന്നു. മലയാളി സമൂഹത്തിന്റെ പച്ചയായ രതി സങ്കല്പങ്ങളുടെ കാഴ്ചകള്‍ പങ്കുവെക്കുകയാണ് പുറ്റ് എന്ന നോവല്‍. അപരിഷ്‌കൃതരായ പെരുമ്പാടി സമൂഹത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ ഒരു പങ്കാളി മാത്രം മതി. അവിടെ രക്തബന്ധമോ ആണ്‍, പെണ്‍ ചിന്താഗതികളോ ഇല്ല. അത്തരം ബന്ധങ്ങളില്‍ വിഹിതവും അഹിതവും ഇല്ല. എല്ലാം അവനവന്റെ ആത്മാവിനെ തണുപ്പിക്കാനുള്ള ഉപാധികളില്‍ ഒന്നുമാത്രം.
Comments
Post a Comment