ഇരീച്ചാൽകാപ്പ്
ഇരീച്ചാൽകാപ്പ്
ഹിംസയും കാമവുമാണ് മനുഷ്യന്റെ ജൈവികസ്വഭാവം. ബാക്കിയെല്ലാം ജീവചക്രത്തിനിടയിൽ അവൻ പരിശീലിച്ചെടുക്കുന്നതാണ്. കരഞ്ഞുകൊണ്ട് ജീവിതത്തിന് തുടക്കമിടുന്നതിനാൽതന്നെ, ആദ്യകരച്ചിലിന്റെ ആഘാതം നൽകിയ മാനസികാവസ്ഥയിൽനിന്നും പുറത്തുകടക്കാൻ മനുഷ്യന് ഇതുവരെ കഴിഞ്ഞി ട്ടില്ല. ആ ആഘാതത്തിന്റെ കൊണ്ടുനടപ്പുകാരാണ് മനുഷ്യർ. ഏറ്റവും അസംതൃപ്‌തമായ ഒരു ജീവിതവൃത്തത്തിൽ നിന്നുമാണ് മനുഷ്യൻ ശാന്തിയുടെയും സമാധാനത്തിന്റെയും വലിയ പാഠങ്ങൾ സ്വന്തമാക്കുന്നത്. ആ പാഠം പഠിക്കാൻ പറ്റാതെ പോകുന്നവരെല്ലാം അരാജകവാദികളാകുന്നു. വിജയിക്കുന്നവർ നല്ല മനുഷ്യരും. നമുക്കിടയിലെ നല്ലവരെന്ന് പറയപ്പെടുന്നവരെല്ലാംതന്നെ മികച്ച പരിശീലനത്തിലൂടെ ജീവിക്കാൻ പഠിച്ചവരാണ്. ഓർഗാനിക്കായ വഴികളിലൂടെ നടക്കുന്നവർ തോറ്റവരും.
പുതിയ തലമുറ എത്ര സത്യസന്ധരാണ്, അവർക്ക് സങ്കടം വന്നാൽ കരയും, ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കും, സ്നേഹം തോന്നി യാൽ കെട്ടിപ്പിടിക്കും.
'വികാരങ്ങൾ അടക്കിവെക്കുന്നവർ ഭീരുക്കളാണ്.
പാതി വായിച്ച് അടയാളംവെച്ച പുസ്‌തകമാണ് നമ്മുടെയെല്ലാം ജീവിതമെന്നു തോന്നിയിട്ടുണ്ട്. തുറന്നു വായിക്കുന്ന അടുത്തഘട്ടംവരെ ചലനങ്ങളൊന്നുമില്ലാതെ തനിച്ചാകുന്ന പുസ്‌തകം. വീണ്ടും വായന തുടങ്ങുന്നതോടുകൂടെ അക്ഷരങ്ങളും കഥയും കഥാപാത്രങ്ങളും നിറഞ്ഞ് സംഘർഷങ്ങളുടെ ഭൂമിയായി അത് മാറുന്നു. കാറ്റും മഴയും വേനലുമൊക്കെയായി സജീവമാകുന്ന പുസ്‌തകത്താളുകൾ... ഇങ്ങനെ പാതിയിൽ നിർത്തി ഏതോ മേശപ്പുറത്ത് മറന്നുവെച്ച പുസ്തകങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇടയ്ക്ക് ചിന്തിക്കാറുണ്ട്.
പൂർണ്ണത എന്ന വാക്കിനോളം അപൂർണ്ണമായ ഒന്നും ലോകത്തില്ല. ഒരോ മനുഷ്യരും ആഗ്രഹങ്ങൾ പാതിയിൽ നിർത്തിയാണ് ജീവിതത്തിൽനിന്നും പടിയിറങ്ങുന്നത്. അത് പക്ഷേ, ബോധപൂർവ്വമുള്ള ബാക്കിയാക്കലല്ല. ഭൂമിയിൽ അനുവദിക്കപ്പെട്ട സമയം തീരുന്നതറിയാതെ മിച്ചം വന്നുപോകുന്നതാണ്.
കുറ്റബോധം മനുഷ്യരെ പാതാളത്തോളം ഇകഴ്ത്താറുണ്ട്. ചെയ്തത് കുറ്റമായിരുന്നോ എന്നറിയാതെവരുമ്പോൾ അനുഭവിക്കുന്ന വേവിന് ഇതുവരെ ആരും പേരിട്ട് വിളിച്ചിട്ടുമില്ല. നിസ്സഹായതയും വേദനയുമായി മാറുന്ന അവസ്ഥയാണത്. ചില വേദനകളെ അനുഭവിക്കുകയേ വഴിയുള്ളൂ. വേദനകൾക്കെല്ലാം പേരുകളിട്ടിരുന്നേൽ ഈ ലോകം വേദനകളിൽ മുങ്ങിമരിച്ചു പോയേനെ. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോവുന്ന ഒരാളുടെ മനസ്സിനെ അയാൾക്കല്ലാതെ മാറ്റാർക്കെങ്കിലും പകർത്തുവാൻ കഴിയുമോ?
നമ്മൾ കാണുന്ന ചില കാഴ്‌ചകൾ പ്രിയപ്പെട്ടൊരാളെക്കൂടി കാണിക്കുമ്പോൾമാത്രമാണ് ആ കാഴ്‌ചയ്ക്ക് പൂർണ്ണതയുണ്ടാവുന്നത്. ഏറ്റവും കൗതുകം നിറച്ച കാഴ്‌ചകൾ, മനോഹരമായ ഇടങ്ങൾ, പരിചയപ്പെടാൻ പലതവണ ആഗ്രഹിച്ച മനുഷ്യർ, എല്ലാം പെട്ടെന്ന് മുന്നിലെത്തുമ്പോൾ പ്രിയപ്പെട്ടൊരാളുടെ അസാന്നിദ്ധ്യം സൃഷ്ടി ക്കുന്ന ശൂന്യത നോവായി മാറും. വിട്ടുപോയവർ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് ഇത്തരം നേരങ്ങളിലാണ്.
Comments
Post a Comment