Emotional wellness _ OSHO
ആധുനികമനുഷ്യൻ കൂടുതലും 'ഇല്ല'യാണ് പറയുന്നത്. അതുകൊണ്ടാണ്, എന്താണ് ജീവിതത്തിന്റെ അർത്ഥം? എന്തുകൊണ്ടാണ് നമ്മൾ ജീവിച്ചിരിക്കുന്നതുതന്നെ? എന്തിനാണ് ജീവിക്കുന്നത്? എന്നീ ചോദ്യങ്ങൾ ഉയരുന്നത്. ദൈവത്തോട് നാം 'ഇല്ല' പറഞ്ഞു, അതീതത്തോട് നാം 'ഇല്ല' പറഞ്ഞു, യുഗങ്ങളായി മനുഷ്യൻ ജീവിച്ചിരുന്ന എല്ലാറ്റിനോടും 'ഇല്ല' പറഞ്ഞു. മനുഷ്യൻ ജീവിച്ച എല്ലാ മൂല്യങ്ങളും വിലകെട്ടവയാണെന്ന് നാം മതിയാവോളം പറഞ്ഞു. ഇപ്പോൾ നാം ബുദ്ധിമുട്ടിലാണ്, തീവ്രവേദനയിലാണ്. ജീവിതം കൂടുതൽ കൂടുതൽ നമുക്ക് അസാധ്യമായികൊണ്ടിരിക്കുന്നു. ഭീരുക്കളായതുകൊണ്ടുമാത്രമാണ് നാം ജീവിതം തുടരുന്നത്. ജീവിക്കാനുള്ള എല്ലാ കാരണങ്ങളും നാം നശിപ്പിച്ചിരിക്കുന്നു. ആത്മഹത്യചെയ്യാൻ കഴിയാത്തതു കൊണ്ടുമാത്രമാണ് നാം ജീവിക്കുന്നത്. മരണത്തെ നമുക്ക് ഭയമാണ്. അതുകൊണ്ട് ജീവിക്കുന്നു. സ്നേഹത്തിൽനിന്നല്ല, ഭയത്തിൽനിന്നാണ് നാം ജീവിക്കുന്നത്.
പോസിറ്റീവാകുന്നതാണ് നല്ലത്. പോസിറ്റീവാകുന്തോറും നിങ്ങൾ ഹൃദയത്തിലേക്കാണ് പോകുന്നത്. ഹൃദയത്തിന് നിഷേധഭാഷ അറിഞ്ഞുകൂടാ. 'എന്താണ് സൗന്ദര്യം?' എന്ന് ഹൃദയം ഒരിക്കലും ചോദിക്കുന്നില്ല. ഹൃദയം അതാസ്വദിക്കുന്നു. ആസ്വദിക്കുന്നതിലൂടെ അതെന്താണെന്ന് അതിനറിയാം. ഹൃദയത്തിന് അത് നിർവചിക്കാൻ അറിഞ്ഞുകൂടാ. സ്വയം വിശദീകരിക്കാൻ അറിഞ്ഞുകൂടാ. അതുപോലുള്ള അനുഭവമായതുകൊണ്ട് അത് വിശദീകരണത്തിന്, ആവിഷ്കാരത്തിന് അതീതമാണ്.
മനസ്സ് ജീവിക്കുന്നത് 'ഇല്ല' എന്ന് കേൾക്കാൻ ആണ്. എല്ലാറ്റിനോടും ഇല്ല എന്ന് പറയുന്നതിൽനിന്നാണ് അതിനു പോഷണം കിട്ടുന്നത്. മനസ്സ് നിരീശ്വരവാദിയാണ്, നിഷേധപരമാണ്. പോസിറ്റീവ് മനസ്സ് എന്നൊന്നില്ല. എന്നാൽ ഹൃദയം പോസിറ്റീവ് ആണ്. 'ഇല്ല' എന്ന മനസ്സ് പറയുന്നതുപോലെ ഹൃദയം 'അതെ' എന്ന് പറയുന്നു. 'ഇല്ല' എന്ന് പറയുന്നതിനേക്കാളും നല്ലതാണ് 'അതെ' എന്ന് പറയുന്നത്.
Comments
Post a Comment